10:18am 10 November 2026
NEWS
ഇറാനെതിരായ യുദ്ധം അവസാനിപ്പിച്ചു; ഇനി വൻ ആക്രമണങ്ങളില്ലെന്ന് ട്രംപ്
10/11/2026  09:53 AM IST
nila
ഇറാനെതിരായ യുദ്ധം അവസാനിപ്പിച്ചു; ഇനി വൻ ആക്രമണങ്ങളില്ലെന്ന് ട്രംപ്

 

വാഷിങ്ടൻ: ഇറാനെതിരായ സൈനിക നടപടികൾ അവസാനിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി ഇറാനെതിരെ വൻതോതിലുള്ള സൈനിക ആക്രമണങ്ങൾക്ക് അമേരിക്ക മുതിരില്ലെന്നും നിലവിലെ സാഹചര്യം നിലനിർത്താനാണ് തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി.

ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ വൈറ്റ് ഹൗസിലെ ബ്രീഫിങ് റൂമിലെത്തിയാണ് ട്രംപ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ സൈനിക ശേഷി തകർന്നുവെന്നും രാജ്യത്തിന്റെ നേതൃത്വനിരയെ പൂർണമായി ഇല്ലാതാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

''സൈനികമായി ഇറാൻ അവസാനിച്ചുകഴിഞ്ഞു. നിലവിലെ സ്ഥിതി നിലനിർത്തുക മാത്രമാണ് ഇപ്പോൾ ഞങ്ങൾ ചെയ്യുന്നത്'' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം, ഇറാന്റെ ആണവപദ്ധതി പൂർണമായി നിർവീര്യമാക്കുമെന്ന് ഉറപ്പാക്കുന്ന ദീർഘകാല പരിഹാരമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളിൽ ഖത്തറിന്റെ ഇടപെടൽ നിർണായകമായിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. മധ്യസ്ഥശ്രമങ്ങളിൽ സജീവമായ ഖത്തർ വഴി കഴിഞ്ഞയാഴ്ച ഇറാൻ പുതിയ ആണവ വിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. എന്നാൽ, ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് അമേരിക്ക അംഗീകരിക്കേണ്ട ഏഴ് നിബന്ധനകൾ ഇറാൻ മുന്നോട്ടുവച്ചതായും റിപ്പോർട്ടുകളുണ്ട്. ഖത്തർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയില്ല.

ആവശ്യങ്ങൾ അംഗീകരിച്ചാൽ ചർച്ചയ്ക്ക് തയാറെന്ന് ഇറാൻ

അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കുന്ന പക്ഷം അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഉടൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗായി വ്യക്തമാക്കി. ഇറാനുമേലുള്ള നാവിക ഉപരോധം നീക്കണമെന്നും മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകണമെന്നുമുള്ള ആവശ്യങ്ങൾ ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇറാഖുമായുള്ള അതിർത്തികൾ അടച്ച് ഇറാനുമേൽ സമ്മർദം ചെലുത്താനുള്ള അമേരിക്കയുടെ നീക്കം വിജയിക്കില്ലെന്നും ബാഗായി മുന്നറിയിപ്പ് നൽകി. എന്നാൽ, ഇറാൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ അതിരുകടന്നതും പരിഹാസ്യവുമാണെന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രതികരണം.

ഖിഷെം ദ്വീപിൽ വീണ്ടും യുഎസ് വ്യോമാക്രമണം

നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഇറാനിലെ ഖിഷെം ദ്വീപിൽ കഴിഞ്ഞ രാത്രിയും യുഎസ് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. സൗദി അറേബ്യയിലും ഇന്നലെ കാര്യമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തില്ല. റിയാദിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.

അതിനിടെ, ഇറാഖിലെ സ്വയംഭരണ മേഖലയായ കുർദിസ്ഥാനിലെ ഖോർ മോറിലുള്ള ദാനാ ഗ്യാസിന്റെ വാതകപ്പാടത്തിനു നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് കുർദ് മേഖലയിലെ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിലേക്കുള്ള വാതക വിതരണം തടസ്സപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img